ഏതാണ്ട് രണ്ടു വര്‍ഷക്കാലമായി ഞാനും ദിനേശന് മാഷും ഞങ്ങളുടെ നാട്ടില്‍ നടത്തിയ ചെറിയൊരു പഠനം ഞങ്ങള്‍ക്ക് നല്‍കിയത് വളരെ വലിയൊരു തിരിച്ചറിവാണ്.ഞങ്ങള്‍ ശേഖരിച്ച ഇത്തിരിയോളം പോന്ന നാട്ടറിവുകള്‍ പൂഴ്ത്തിവെക്കാനുള്ളതല്ല എന്ന തിരിച്ചറിവില്‍ അത് നിങ്ങള്‍ക്ക് മുന്നിലായി തുറന്നു വെക്കുന്നു.പരിമിതാമാനെന്നറിയാം, എങ്കിലും നിറഞ്ഞ മനസ്സോടെ സമര്‍പ്പിക്കുന്നു.
ഈ പച്ചത്തുള്ളനെ നിങ്ങളോടൊപ്പം പറഞ്ഞു വിടുന്നു.അവന് പറഞ്ഞുതരും.. കന്നാംതളിപ്പൂവ് എവിടെ കാണുമെന്നും,അതിരാണിപ്പൂവിനും ,സര്‍പ്പ ഗന്ധിക്കും എന്തൊക്കെ വിശേഷങ്ങള്‍ പറയാനുണ്ടെന്നും,കരിനോച്ചിലും,നീലി അമരിയും എങ്ങനെ ബാധയും,കൈവിഷവും അകറ്റി എന്നും ,മധുരം കൊല്ലിയും,പൂച്ച മയക്കിയും എങ്ങനെ നിങ്ങളെ അത്ഭുതപ്പെടുതുമെന്നും ...അങ്ങനെ .. അങ്ങനെ ഒരുപാട് വിശേഷങ്ങള്‍.................
സര്‍പ്പ ഗന്ധി
അലോപ്പതി മരുന്നുകളുടെ 40 % നിര്‍മ്മാണവും ഔഷധ സസ്യങ്ങളില്‍ നിന്നാണ് .പ്രഷര്‍ രോഗികള്‍ ഉപയോഗിക്കുന്ന സെര്‍പ്പാസിന്‍ ഗുളിക സര്‍പ്പഗന്ധി എന്ന ഈ ചെടിയിലെ റിസര്‍പിന്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഈ ചെടി രണ്ടു മൂന്നു വെത്യസ്ത തരത്തിലുണ്ട്.അതില്‍ ചുവപ്പും ,വെളുപ്പുമാണ് പ്രധാനം.
കണ്ണാംതളിപ്പൂവ്
കണ്ണാംതളിയും കാട്ടു കുരിഞ്ഞിയും കണ്ണാടി നോക്കും കായലില്‍....
ഇവിടെ കവിക്ക് തെറ്റ് പറ്റി.
കണ്ണാംതളിപ്പൂവ് ഒരിക്കലും ഒരു കായല്‍ കരയില്‍ വിരിയുന്ന പൂവല്ല.
ഇത് കാണപ്പെടുന്നത് കുന്നിന് ചെരിവില്‍ മാത്രമാണ്.
അതും കിഴക്കന്‍ ചെരിവില്‍.
ഇതിന്റെ ഭംഗി കണ്ടു വീട്ടിലേക്കു പറിച്ചു നാട്ടാലോ എന്ന് തോന്നുന്നുണ്ടോ?
എങ്കില്‍ അതും നടക്കില്ല കേട്ടോ..
സവിശേഷമായ ആവാസ കേന്ദ്രത്തില്‍ മാത്രമേ ഇത് വളരുകയുള്ളൂ .
കണ്ണപുരം പഞ്ചായത്തിലെ തന്നൂപ്പാറയിലും ,ചെമ്മരവയല്‍ കുന്നിലും കിഴക്കന്‍ ചെരിവില്‍ ഓണക്കാലത്ത് ഇപ്പോഴും ഇത് ധാരാളമായി കാണാം.
അതുകൊണ്ടുതന്നെ അവിടുത്തുകാര്‍ ഇതിനെയാണ് ഓണപ്പൂവ് എന്ന് വിളിക്കുന്നത്.
ചെറുതേക്ക്
എന്നെ ഏറെ ആകര്‍ഷിച്ച ഒരു പൂവാണിത്.ചെറുതേക്കിന് പൂവ്.ഈ ചെടി ഈ വലിപ്പതിലല്ലാതെ വേറെ ഞാന്‍ കണ്ടിട്ടില്ല.തേക്ക് പോലെ മരമാകുമോ എന്നറിയില്ല. മിക്കവാറും എല്ലാ കാലത്തും ഈ പൂവ് കാണാറുണ്ട്.
ഇതും തണൂപ്പാറയുടെ സന്തതിയാണ് . ശരീരത്തില്‍ എവിടെയെങ്കിലും ഒരു കുരു പൊന്തിയാല്‍ അത് പഴുത്തു പൊട്ടാന്‍ ഇതിന്റെ ഇല അരച്ച് പുരട്ടാറൂണ്ടെന്നു പ്രായമായ ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.വലിയൊരു ശതമാനം ആളുകളും കാണാന്‍ സാധ്യത ഇല്ലാത്ത ഒരു പൂവായതിനാല്‍ ഏറെ സന്തോഷത്തോടെ ഇത് നിങ്ങള്‍ക്കായി നീട്ടുന്നു.
മേന്തോന്നി
ആദ്യമായി ഒരു പ്രധാന കാര്യം പറയട്ടെ.. ഞാന്‍ ഇതൊക്കെ നിങ്ങള്‍ക്കായി പറഞ്ഞുതരുന്നത് തികച്ചും സതുധ്യെശത്തോടെ മാത്രമാണ്.ഒരു കാരണവശാലും മിസ് യൂസ് ചെയ്യരുത്, എന്റെ അഭ്യര്‍ത്ഥനയാണ് .
അഗ്നി ശിഖ എന്നറിയപെടുന്ന ഈ പുഷ്പം പേരുപോലെത്തന്നെ കാണാന്‍ ഏറെ ചന്തമുള്ളതാണ് .എന്നാല്‍ ഇതിന്റെ കായ,ഇല പൂവ് തുടങ്ങി എല്ലാ ഭാഗവും കൊടിയ വിഷമാണ്.ഒരു ജീവന് അപഹരിക്കാന്‍ ഇത് ധാരാളം മതി.വളരെ വിശേഷപ്പെട്ട ഒരു അറിവുകൂടി പകര്‍ന്നുതരാനുണ്ട്.പണ്ട് കാലത്ത് വയറ്റാട്ടികള്‍ ഇതിന്റെ കിഴങ്ങ്
മരുന്നായി ഉപയോഗിച്ചിരുന്നത്രെ...
പ്രസവസമയത് കുട്ടി പുറത്തു വരുന്നില്ലെങ്കില്‍ ഇതിന്റെ വടക്കോട്ട് പോയ വേരും കിഴങ്ങും അരച്ച് വലതു ഉള്ളം കയ്യിലും ,തെക്കോട്ട് പോയ വേരും കിഴങ്ങും ഇടതു ഉള്ളം കയ്യിലും പുരട്ടും. എന്നിട്ട് വലതു കൈ യോനി മുഖത്ത് കാട്ടിയാല്‍ ഗര്‍ഭപാത്രം പോലും പുറത്തേക്കു വരുമെന്നാണ് പറയുന്നത്.അതുകൊണ്ട് കുട്ടി പുറത്തു വന്നപാടെ ഇടതു കൈ യോനി മുഖത്ത് കാട്ടുന്നു.അതിശയോക്തി ഏറെ നല്കുന്ന ഈ കാര്യത്തില്‍ എത്രമാത്രം ശരി ഉണ്ടെന്നു പറയാനാവില്ല.എങ്കിലും,ഈ വിവരം നല്‍കിയത് കാസര്ഗോട്ടുള്ള എന്റെ പരിചയക്കാരനായ പേരുകേട്ടൊരു പാരമ്പര്യ വൈദ്യനാണ് .പണ്ട് ഈ രീതിയില്‍ പേറെടുത്ത വയറ്റാട്ടികള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് അധ്യേഹം കൂട്ടിച്ചേര്‍ത്തു.
ആട്ടുകൊട്ടപ്പാല പൂവ്
തുമ്പ പൂവിനു വെള്ള നിറം
ചെക്കിപ്പൂവിനു ചോപ്പ് നിറം
കാക്കപ്പൂവിനു നീലനിറം
മുക്കുട്ടിക്കോ മഞ്ഞ നിറം
സത്യം പറയണം.ജീവിതത്തില്‍ എപ്പോഴെങ്കിലും പച്ച നിറത്തിലുള്ള പൂവ് കണ്ടിട്ടുണ്ടോ?
മുതായ്ചിയുടെ / ആട്ടു കൊട്ടപ്പാലയുടെ പൂവാണിത്. മനസ്സിലായില്ല അല്ലെ?
അപ്പൂപ്പന് താടി കണ്ടിട്ടുണ്ടോ? അത് വിരിയുന്ന ചെടിയുടെ പൂവാണിത്.
ഇലയും,പൂവും പച്ച.സുന്ദരമായ ഈ കാഴ്ചയും തണ്ണൂപ്പാറയില് നിന്നും പകര്‍ത്തിയതാണ് എന്താ ഇപ്പൊ അവിടെ പോകണം എന്ന് തോന്നുന്നുണ്ടോ? ........
ചേനപ്പൂവ്
കാട്ടു ചേന പൂത്തത് ഒരുപാട് ഞാന്‍ കണ്ടിട്ടുണ്ട് .എന്നാല്‍ ഈ നാടന്‍ ചേനപ്പൂവ് ഞാന്‍ ആദ്യമായും അവസാനമായും കണ്ടത് കെ.പി.കെ യുടെ വീട്ടില്‍ വച്ചാണ്.രൂക്ഷമായ ഒരു നാറ്റം വന്നപ്പോളാണ് ഈ പൂവ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് .ചേന പൂത്താല്‍ മണമല്ല നാറ്റമാണ് ഉണ്ടാവുക എന്ന് അന്ന് ബോധ്യമായി .
നായ്ക്കുരണപ്പൂവ്
അയ്യോത്ത് ഒരു വീട്ടില്‍ മരത്തിന്മേലെ പടര്‍ത്തിയ വള്ളി കണ്ടിട്ട് സോയാബീന്‍ ആണെന്നാണ് കരുതിയത്.അതില്‍ കുലകുലയായി തൂങ്ങി കിടക്കുന്ന പൂക്കള്‍ ഒന്ന് പകര്‍ത്താനും ,പറിക്കാനുമായി മരത്തില്‍ വലിഞ്ഞു കേറി...മുകളിലെത്തിയപ്പോഴാണ് കണ്ടത് നല്ല നായ്ക്കുരണകായ് തൂങ്ങിക്കിടക്കുന്നു. അധികം അപകടം പറ്റും മുന്‍പ് ചാടി ഇറങ്ങി ....
ലൈംഗിക ഉത്തെജനതിനുള്ള മരുന്നായി നായ്ക്കുരണ പരിപ്പ് ഉപയോഗിക്കാറുണ്ട്.പ്രസവിച്ച സ്ത്രീകള്‍ക്കുള്ള മരുന്ന് വീട്ടില്‍ ഉണ്ടാക്കുന്ന സമയത്താണ് ഞാന്‍ ആദ്യമായി ഇത് കണ്ടത്.പിന്നെ ഇലക്ഷന് സമയത്തും മരുന്നായി ഉപയോഗിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.പക്ഷെ കണ്ടിട്ടില്ല
നാഗ ഗന്ധി
ഞാന്‍ ഇത് ആദ്യമായി കണ്ടത് മൊട്ടമല് അനിയാപ്പണ്ടേ വളപ്പില്‍ നിന്നായിരുന്നു. മോഹനന് മാഷായിരുന്നു ഇതിന്ടെ ഗുണത്തെ പറ്റി പറഞ്ഞു തന്നത്. ചെറിയൊരു നിരീക്ഷണം നടത്തിയപ്പോ പലയിടത്തും എനിക്കിത് കാണാനായി.എങ്കിലും ആരെങ്കിലുമൊക്കെ നാട്ടുവലര്തിയതല്ലാതെ നമ്മുടെ നൈസര്‍ഗിക സസ്യജാലങ്ങളുടെ കൂട്ടത്തില്‍ എനിക്കിതിനെ കാണാനായില്ല.എല്ലാ ദിക്കിലും ഇതൊരു ഗാടന് പ്ലാന്റ് ആയിട്ടാണ് വളര്തിയിട്ടുള്ളത്.
തിരുവനന്തപുരം ഒരു പാര്‍ക്കിലും ഞാനിത് കണ്ടു.
എന്നിട്ടും കാര്യം പറഞ്ഞില്ല അല്ലെ.. എന്നാല്‍ കേട്ടോളൂ ...
മോഹനന് മാഷ് ഇത് നാട്ടു വളര്‍ത്തിയത് വീട്ടു വളപ്പില്‍ പാമ്പ് കേരാതിരിക്കാനാണ് .ഈ ചെടിയുടെ കമ്പ് / ഇല പൊട്ടിച്ചു മണപ്പിച്ചാല്‍ തനി വെള്ളുള്ളി മണമാണ്.കാഞ്ഞിരക്കൊല്ലിയില്‍ പോയപ്പോള്‍ അവിടുന്നൊരു ചേട്ടന് തന്ന നാഗ ഗന്ധി ചെടി വണ്ടിയില്‍ വച്ചപ്പോള്‍ വണ്ടി മുഴുവനും വെള്ളുള്ളി മണമായിരുന്നു .
വെള്ളുള്ളി പാമ്പിനെ അകറ്റാന്‍ ഉപയോഗിക്കാറുണ്ടെന്ന് നേരത്തെ പറഞ്ഞു കേട്ടിട്ടുണ്ട്.അപ്പോപ്പിന്നെ ഈ ചെടി വേലിക്കല് വച്ചുപിടിപ്പിച്ചാല്‍ പാമ്പ് വരില്ലെന്ന് പറയുന്നതില്‍ കാര്യമുണ്ടാകും.
സീമാക്കൊന്ന
(തുടരും)